തിരുവനന്തപുരം ജില്ല
ഭൂപ്രകൃതി

🌿

ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും

വാമനപുരം ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രകൃതി, കാർഷിക മേഖല, നദീതടങ്ങൾ, പാടശേഖരങ്ങൾ, കാലാവസ്ഥ എന്നിവയുടെ സമഗ്ര വിവരണം

🗺️

വാമനപുരത്തിന്റെ ഭൂപ്രകൃതി

വാമനപുരം ഗ്രാമപഞ്ചായത്ത് പ്രദേശം ഇടനാട് വിഭാഗത്തിൽപ്പെടുന്നു. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞ് കിടക്കുന്ന ഭൂപ്രദേശമാണിത്. കിഴക്ക് ഭാഗത്തുള്ള ഉയർന്ന പ്രദേശത്ത് സമുദ്രനിരപ്പിൽ നിന്നും 75 മീറ്ററിലധികം ഉയരമുള്ള കുന്നുകൾ നിറഞ്ഞുനിൽക്കുന്നു.

ഈ ഭൂപ്രദേശത്തെ പ്രധാനമായും ഉയർന്ന കുന്നിൻ പ്രദേശങ്ങൾ, ഉയർന്ന സമതലങ്ങൾ, ചരിവ് പ്രദേശങ്ങൾ, താഴ്ന്ന സമതല പ്രദേശങ്ങൾ, നദീതീര പ്രദേശങ്ങൾ, സമതല പ്രദേശങ്ങൾ എന്നിങ്ങനെ വേർതിരിക്കാം.

⛰️

കുന്നിൻ പ്രദേശം

🌳

ഉയർന്ന സമതലങ്ങൾ

🌄

ചരിവ് പ്രദേശം

🌾

താഴ്ന്ന സമതലപ്രദേശങ്ങൾ

🌊

നദീതീര പ്രദേശങ്ങൾ

🏘️

സമതല പ്രദേശങ്ങൾ

⛰️ 1. കുന്നിൻ പ്രദേശം

സമുദ്രനിരപ്പിൽനിന്നും 75 മീറ്റർ ഉയർന്ന് നിൽക്കുന്ന പ്രദേശമാണിത്. എല്ലാപ്രദേശത്തും ഉയർന്ന കുന്നുകളുണ്ട്. വേനൽകാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. കുന്നുകൾക്കുള്ളിൽ പാറക്കെട്ടുകളാണ്. കുന്നിൻ മുകളിലും ചരിവുകളിലും പാറ പടർന്ന് കാണപ്പെടുന്നു.

കിണറുകൾ കുഴിക്കാനോ കുഴിച്ചാൽ തന്നെ പാറക്കെട്ടുകാരണം ആവശ്യത്തിന് ജലം ലഭിക്കുന്നതിനോ സാധ്യതയില്ല. ഈ പ്രദേശമാകെ റബ്ബർ കൃഷി വ്യാപിച്ചുകിടക്കുന്നു. യാത്രാസൗകര്യം തീരെ കുറവാണ്.

പ്രധാന കുന്നുകൾ

• ആയിരവല്ലിക്കുന്ന്
• കാക്കക്കുന്ന്
• തറുതലക്കുന്ന്
• വേടരുക്കുന്ന്
• കൈലാസക്കുന്ന്
• കുന്നത്തോട്ക്കുന്ന്
• പഴവിളക്കുന്ന്
• ചാരുപാറക്കുന്ന്
• തണ്ണിപ്പാറക്കുന്ന്

🌳 2. ഉയർന്ന സമതലങ്ങൾ

ഉയർന്ന കുന്നിൻ പ്രദേശത്ത് കാണുന്ന സമതലങ്ങളാണിവ. ഈ മേഖലകളിൽ വെള്ളക്ഷാമം അനുഭവപ്പെടുന്നു. നല്ല വളക്കൂറുള്ള നീർവാർച്ചയുള്ള മൺതരമാണുള്ളത്. തെങ്ങ്, വാഴ, കുരുമുളക്, റബ്ബർ എന്നിവ കൃഷി ചെയ്ത് വരുന്നു. ഈ പ്രദേശത്ത് താരതമ്യേന യാത്രാസൗകര്യമുണ്ട്. 

പ്രധാനപ്പെട്ട പ്രദേശങ്ങൾ

കോലിഞ്ചി • കതിരുവിള • കാഞ്ഞിരംപാറ • ആനച്ചൽ • മുളവന • പരപ്പാറമുകൾ • മീതൂർ • ചാരുപാറ

🌄 3. ചരിവ് പ്രദേശം

ഭൂവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള പ്രദേശമാണിത്. ഫലഭൂഷ്ടമായ മണ്ണാണ് ഈ പ്രദേശത്ത് കാണുന്നത്. എന്നാൽ മണ്ണൊലിപ്പ് പ്രധാനപ്രശ്നമായി അവശേഷിക്കുന്നു.

തെങ്ങ്, വാഴ, കുരുമുളക്, റബ്ബർ, കമുക് എന്നിവ കൃഷി ചെയ്ത് വരുന്നു. ഭൂരിഭാഗം ഭാഗത്തും റബ്ബർ കൃഷി വ്യാപകമായിട്ടുണ്ട്. കുത്തനെ ചരിഞ്ഞഭാഗം ഒഴികെ മറ്റു പ്രദേശങ്ങൾ ജനനിബിഡമാണ്. ശുദ്ധജല ലഭ്യതയും ഗതാഗത സൗകര്യവും കുറവാണ്.

പ്രധാന ചരിവ് പ്രദേശങ്ങൾ

ചിലമ്പുകാണി • കാരൂർകോണം • തമ്പുരാട്ടിക്കാവ് • പൂപ്പുറം • കുന്നത്തോട് • ഗ്രാമീണനഗർ • ഇരുളൂർ • പൂവത്തൂർ • കാമറക്കരിക്കകം • ഉടുമ്പിക്കോട്

🌾 4. താഴ്ന്ന സമതലപ്രദേശങ്ങൾ

ഈ പ്രദേശം പൂർണ്ണമായും പാടശേഖരങ്ങളാണ്. ആനച്ചൽ, വലിയകണിച്ചോട്, കളമച്ചൽ, ചെറിയകണിച്ചോട്, വാമനപുരം, ആനാകുടി, കാരൂർകോണം, മങ്കുണ്ടയം, തൂങ്ങയിൽ, മഠത്തുവാതുക്കൽ, കൂരോട് ഏല, താന്നിമൂട് ഏല, പൂന്തൽക്കോണം, മീതൂർ, പൂവത്തൂർ, മാടൻനട, പുളിഞ്ചിക്കപൊയ്ക, മേലാറ്റുമൂഴി എന്നിവയും ചേർന്നാണ് പ്രധാന പാടശേഖരങ്ങൾ.

നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽപോലും കൃഷിക്കുള്ള ജലസേചന സൗകര്യം മെച്ചമല്ല. എന്നാൽ മിക്കവയും ഇരിപ്പൂ നിലങ്ങളാണ്. ഏറ്റവും വലിയ പാടശേഖരം ആനാകുടി പാടശേഖരമാണ്. ഉൽപാദനത്തിൽ ഗണ്യമായ കുറവ് വന്നുകൊണ്ടിരിക്കുന്നു.

പ്രധാന സവിശേഷത

പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളും കാർഷിക മേഖലകളും താഴ്ന്ന സമതല പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

🌊 5. നദീതീര പ്രദേശങ്ങൾ

താഴെപ്പറയുന്ന പ്രദേശങ്ങൾ വാമനപുരം നദിയോട് ചേർന്ന് കിടക്കുന്നവയാണ്:

കൊടുങ്കയം • കാവസ്ഥലം • കൽപ്പശ്ശേരി • മൂഴിക്കടവ് • പള്ളിമൺകടവ് • പെരുന്ത്ര • വാഴ്വേലിക്കോണം • ആറാട്ടുകടവ് • തിരുവാമനപുരം കടവ് • കരുവയൽക്കടവ് • മണ്ണടിക്കടവ് • ശാസ്താംകടവ് • ദർഭക്കട്ടയ്ക്കാൽ • ആനാകുടി • മേലാറ്റുമൂഴി • പമ്മത്തിൻകീഴ് കടവ് • നീറുമൺകടവ്

പഞ്ചായത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശങ്ങളാണിത്. തെങ്ങാണ് പ്രധാന കൃഷി. ഇടവിളയായി സമ്മിശ്രകൃഷി നിലനിൽക്കുന്നു. വർഷക്കാലത്ത് വെള്ളപ്പൊക്കക്കെടുതി ഉണ്ടാകാറുണ്ടെങ്കിലും ജനവാസം കുറവല്ല.

ഇഷ്ടിക നിർമ്മാണത്തിനനുയോജ്യമായ കളിമൺ ശേഖരം ഇവിടത്തെ പ്രത്യേകതയാണ്. മണൽ ഖനനം വ്യാപകമായി നടന്നുവരുന്നു. ഇത് മൂലം നദിയുടെ കരയിടിച്ചിലും ആഴവും വർദ്ധിച്ചുവരുന്നു. നദീതീരത്തെ പാടശേഖരങ്ങൾ നെൽകൃഷിയിൽ നിന്നും പരിവർത്തനം ചെയ്ത നിലയിലേക്ക് എത്തിയിട്ടുണ്ട്.

🏘️ 6. സമതല പ്രദേശങ്ങൾ

വാമനപുരം, ആനച്ചൽ കളമച്ചൽ, കരുവയൽ, മേലാറ്റുമൂഴി, ആനാകുടി എന്നീ പ്രദേശങ്ങൾ സമതല പ്രദേശങ്ങളാണ്. ഈ പ്രദേശത്താണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്.

പഞ്ചായത്തിലെ പ്രധാന റോഡുകൾ ഈ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക് എന്നിവ പ്രധാന കൃഷികളാണ്. വെറ്റില, ചേന, ചേമ്പ്, പച്ചക്കറികൾ എന്നിവയും വ്യാപകമായി കൃഷി ചെയ്ത് വരുന്നുണ്ട്.

പ്രധാന സവിശേഷത

പഞ്ചായത്തിലെ പ്രധാനപ്പെട്ട ഗവൺമെന്റ് ഓഫീസുകൾ വാമനപുരത്താണ് സ്ഥിതി ചെയ്യുന്നത്.

🌦️

കാലാവസ്ഥയും വർഷപാതവും

 

കേരളത്തിൽ ഇതര ഭാഗത്ത് ലഭിക്കുന്നത്ര ശരാശരി വർഷപാതം ഈ ഗ്രാമത്തിൽ ലഭിക്കുന്നുണ്ട്. സന്തുലിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വാമനപുരം നദി പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്നതിനാൽ നദീസാമീപ്യം അനുകൂല കാലാവസ്ഥയ്ക്ക് കാരണമാകാം.

കേരളത്തിലെ കാർഷിക കാലാവസ്ഥാ മേഖലകളിൽ ഉൾപ്പെട്ട പതിമൂന്നിൽ തെക്കൻ ഇടനാട് കാർഷിക കാലാവസ്ഥാ മേഖലയിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം.

🌧️

പ്രധാന വർഷപാതം

ഇടവപ്പാതിയും തുലാവർഷവുമാണ് പ്രധാനമായും ലഭിക്കുന്ന വർഷപാതം.

🌊

വെള്ളപ്പൊക്കം

വർഷകാലത്ത് വാമനപുരം നദിയിൽ പലപ്പോഴും വമ്പിച്ച വെള്ളപ്പൊക്കം അനുഭവപ്പെട്ടിട്ടുണ്ട്.

☀️

ഉഷ്ണകാലം

ഉഷ്ണകാലത്ത് അത്യുഷ്ണം അനുഭവപ്പെടുന്നത് പ്രദേശത്തിന്റെ പ്രത്യേകതകളിലൊന്നാണ്.

❄️

തണുപ്പ് കാലം

തണുപ്പ് കാലത്ത് കടുത്ത മഞ്ഞും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

ഒറ്റപ്പെട്ട മഴ പെയ്യുന്ന കാലവും വിരളമല്ല. പ്രദേശത്തിന്റെ ഭൂപ്രകൃതിയും വാമനപുരം നദിയുടെ സാമീപ്യവും പ്രാദേശിക കാലാവസ്ഥാ സവിശേഷതകളിൽ പ്രധാന പങ്കുവഹിക്കുന്നു.

🌱

പ്രകൃതിയും മനുഷ്യജീവിതവും

കുന്നുകളും സമതലങ്ങളും ചരിവുകളും പാടശേഖരങ്ങളും നദീതീരങ്ങളും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് വാമനപുരം ഗ്രാമപഞ്ചായത്തിന്റെ പ്രത്യേകത. കാർഷിക മേഖലയും നദീതടങ്ങളും പ്രകൃതിവിഭവങ്ങളും ജനവാസമേഖലകളും ചേർന്ന് പഞ്ചായത്തിന്റെ സവിശേഷമായ പാരിസ്ഥിതിക സ്വഭാവം രൂപപ്പെടുത്തുന്നു.

വാമനപുരം ഗ്രാമപഞ്ചായത്ത്
ഭൂപ്രകൃതി • പരിസ്ഥിതി • കാർഷിക മേഖല • നദീതടം • കാലാവസ്ഥ